Monday, June 23, 2014

ശ്രീനാരായണദര്‍ശനം കുടുംബജീവിതത്തില്‍: MANOJ KOZHUVALLOOR

ദര്‍ശനം എന്ന വാക്കിന് വീക്ഷണം, കാഴ്ച്ചപ്പാട്, തത്വശാസ്ത്രം  എന്നൊക്കെയാണ് അര്‍ത്ഥം. ശ്രീനാരായണഗുരുവിലൂടെ ലോകത്തിനു ലഭിച്ച വീക്ഷണമാണ് ശ്രീനാരായണദര്‍ശനം എന്നുവിളിയ്ക്കപ്പെടുന്നത്.നാം പലതായി എണ്ണുന്ന വ്യക്തിയും കുടുംബവും ദേശവും രാജ്യവും ലോകവും അതിനപ്പുറവുമായി നിറഞ്ഞുനില്‍ക്കുന്ന ഏകസത്യത്തെപ്പറ്റിയുള്ള ദര്‍ശനമാണത്. ആ സത്യദര്‍ശനം പഠിയ്ക്കുകയും മനസ്സില്‍ ഉറപ്പിയ്ക്കുകയും അതനുസരിച്ചു ജീവിതം പുന:പ്രകീകരിക്കുകയുമാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്.
    നാം കണ്ടതും കേട്ടതും വായിച്ചതും അനുഭവിച്ചതുമായ അറിവുകള്‍ ചേര്‍ന്നതാണ് നമ്മുടെ ലോകം. ആ അറിവുകളാണ് ലോകത്ത് നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന ബോധ്യം നമുക്കുനല്‍കുന്നതും നമ്മുടെ മനോനിലയെ നിശ്ചയിയ്ക്കുന്നതും. പ്രപഞ്ചവ്യവസ്ഥയെക്കുറിച്ചും അതിലധിവസിയ്ക്കുന്ന നമ്മെയോരോരുത്തരെക്കുറിച്ചുമുള്ള ശരിയായ അറിവില്ലാത്തതാണ് നമ്മുടെ  ജീവിതത്തെ അസ്വസ്ഥമാക്കുന്നത്.സ്കൂട്ടര്‍, കാര്‍, വീട്, ഏ.സി, മൊബൈല്‍ ഫോണ്‍  എന്നിങ്ങനെയുള്ള സൌകര്യങ്ങള്‍ ജീവിതത്തില്‍ സ്വസ്ഥതകൊണ്ടുവരും എന്നാണു പലരും ധരിയ്ക്കുന്നത്. അതിനായി അവര്‍ അഹോരാത്രം പണിപ്പെടുന്നു. ആ തിരക്കിനിടയില്‍ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രകൃതിയെപ്പോലും വിസ്മരിയ്ക്കുന്നു.തീര്‍ച്ചയായും മേല്‍പ്പറഞ്ഞ സൌകര്യങ്ങളൊക്കെ ജീവിതത്തെ  ആയാസരഹിതമാക്കും. അതുകൊണ്ടുതന്നെ അവയൊക്കെ ആവശ്യവുമാണ്.   എന്നാല്‍ അവയ്ക്കൊന്നും ജീവിതത്തില്‍ സുഖം അഥവാ സ്വസ്ഥത കൊണ്ടുവരാന്‍ കഴിയില്ലെന്നതാണു സത്യം. സമ്പത്തുണ്ടായാലും ഇല്ലെങ്കിലും വാഹനവും വീടും ഉണ്ടായാലും ഇല്ലെങ്കിലും രൂപവും നിറവും ആകര്ഷകമാണെങ്കിലും അല്ലെങ്കിലും ജീവിതത്തില്‍ സ്വസ്ഥത-സുഖം പ്രദാനം ചെയ്യുന്ന പരമമായ അറിവാണ് ശ്രീനാരായണദര്‍ശനം. അത് എന്താണെന്ന് പരിശോധിയ്ക്കാം. 
സ്ഥൂലവും സൂക്ഷ്മവുമായ ഈ ജഗത്ത് ചൈതന്യസ്വരൂപനായ ഈശ്വരനില്‍നിന്നും ഉണ്ടായിട്ടുള്ളതാനെന്നും അകവും പുറവുംതിങ്ങി വിളങ്ങി നില്‍ക്കുന്നവനാണ് ഈശ്വരനെന്നും , അവന്‍, ഇവന്‍ എന്നൊക്കെ നാം ധരിയ്ക്കുന്നതെല്ലാം ഏകമായ ഈശ്വരന്‍റെ പ്രകടരൂപങ്ങള്‍ മാത്രമാണെന്നതുമാണ് ആ ദര്‍ശനത്തിന്‍റെ സാരം.ആത്മോപദേശശതകത്തില്‍ ഗുരു അത് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ഈശ്വരകൃതമാണ്; ഈശ്വരസൃഷ്ടിയല്ലാതെ ഒന്നുമില്ല. ഈശ്വരന്‍ സൃഷ്ടിയും സ്രഷ്ടാവുമായിരിയ്ക്കുന്ന അത്ഭുതം ഗുരു ദൈവദശകത്തിലൂടെ കാട്ടിത്തരുന്നു. ആ അറിവു ഏറ്റുവാങ്ങിയാലാണ് ഒരുവനെ കാണുമ്പോള്‍ “നമസ്തേ” എന്നുപറയാന്‍ യഥാര്‍ഥത്തില്‍ നാം പ്രാപ്തരാവുക. എന്നില്‍ നിറഞ്ഞുനില്‍ക്കുന്ന ഈശ്വരന്‍തന്നെയാണ് നിന്നിലും നിറഞ്ഞുനില്‍ക്കുന്നതെന്ന അറിവാണ് “നമസ്തേ” എന്നുപറഞ്ഞുകൊണ്ട് അവനിലെ ഈശ്വരനെ നമിയ്ക്കാന്‍ നമ്മെ പഠിപ്പിയ്ക്കുന്നത്.  ആ ബോധം എല്ലാവരോടും ആദരവോടെമാത്രം  പെരുമാറാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ആ ബോധം ഉണരുന്നിടത്ത്, എല്ലാ ഉച്ച നീചത്വങ്ങളും വിവേചനങ്ങളും അവസാനിക്കുന്നു. അതാണ്‌ ശ്രീനാരായണദര്‍ശനത്തിന്‍റെ മഹനീയത.

ഗുരുവിന്‍റെ സത്യദര്‍ശനത്തിനു കുടുംബജീവിതത്തിലുള്ള പ്രസക്തിയെന്തെന്ന് നമുക്കൊന്ന് പരിശോധിയ്ക്കാം. എന്താണ് കുടുംബം? ലോകത്തിന്റെയും രാജ്യത്തിന്റെയും ദേശത്തിന്റെയുമൊക്കെ ചെറിയ പതിപ്പാണ് കുടുംബമെന്നു പറയാവുന്നതാണ്. ഒന്നിലധികം വ്യക്തികള്‍ കൂടിച്ചേരുമ്പോള്‍ അത് കൂട്ടമായി, സമൂഹമായി. അങ്ങനെവരുമ്പോള്‍ ഏറ്റവും ചെറിയ സമൂഹമാണ് കുടുംബമെന്നുകാണാം. അച്ഛന്‍, അമ്മ, മക്കള്‍ ,സഹോദരങ്ങള്‍, ദത്തെടുക്കപ്പെട്ടവര്‍, വിവാഹബന്ധത്തിലൂടെയും മറ്റും അവരിലേക്ക്  കൂട്ടിച്ചേര്‍ക്കപ്പെട്ടവര്‍ എന്നിവരൊക്കെ ചേരുന്നതാണ് കുടുംബം.അതിലെ ഓരോരുത്തര്‍ക്കും തങ്ങളെപ്പറ്റിയും  മറ്റുള്ളവരെപ്പറ്റിയുമുള്ള അറിവ്‌ കേട്ടറിവുകളുടെയും കണ്ടറിവുകളുടെയും അനുഭവത്തിന്റെയും  അടിസ്ഥാനത്തിലുള്ളതാണ്. അങ്ങനെ, ഓരോരുത്തരും ഞാന്‍ അച്ഛനാണ്, ഞാന്‍ മകനാണ് എന്നിങ്ങനെയുള്ള അറിവുകളില്‍ ജീവിയ്ക്കുകയും അതനുസരിച്ചുള്ള കടമകള്‍ നിറവേറ്റിപ്പോരുകയും ചെയ്യുന്നു. ഈ പ്രാഥമികമായ അറിവിനും അപ്പുറമുള്ള അറിവാണ് ഗുരുദര്‍ശനം. അത് നമുക്ക് പുതിയ കാഴ്ച്ചപ്പാട് നല്‍കുന്നു. നമ്മെപ്പോലെതന്നെ നമ്മുടെ കുടുംബാംഗങ്ങളും ഈശ്വരന്റെ സൃഷ്ടികളാണെന്ന അറിവ് . കുടുംബത്തിലുള്ളതും സ്വതന്ത്രവ്യക്തിത്വങ്ങളാണെന്ന് അത് നമ്മെ പഠിപ്പിയ്ക്കുന്നു.. അവരുടെയിടയിലാണ്  സാമൂഹ്യഇടപെടലുകള്‍ നാം ആരംഭിയ്ക്കുന്നത്. കുടുംബത്തെ സമൂഹമായും സമൂഹത്തെ കുടുംബമായും കണ്ടുകൊണ്ടു അവിടെ നാം എങ്ങനെ പെരുമാറണമെന്ന് ഗുരു കാട്ടിത്തരുന്നു.
ആത്മോപദേശ ശതകത്തിന്‍റെ ഇരുപത്തിയൊന്നാം ഭാഗം മുതല്‍ ഇരുപത്തിയഞ്ചാംഭാഗം വരെയുള്ളിടത്ത്  ഇത് വ്യക്തമായി കാണാം.
“പ്രിയമൊരു ജാതിയിതെന്‍പ്രിയം ദ്വിതീയ
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയംപ്രതി വന്നിടുംഭ്രമം;തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം

പ്രിയമപരന്റെ യതെന്‍പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മനല്‍കും
ക്രിയയപരപ്രിയ ഹേതുവായ്‌വരേണം

അപരനുവേണ്ടി യഹര്‍നിശം പ്രയത്നം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ്‌ കിടന്നുചെയ്യു-
ന്നപജയ കര്‍മ്മം അവന്നുവേണ്ടി മാത്രം

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മ സുഖത്തിനാചരിയ്ക്കു-
ന്നവയപരന്നു സുഖത്തിനായ്‌ വരേണം

ഒരുവനുനല്ലതുമന്യനല്ലലുംചേര്‍-
പ്പോരുതോഴില്‍ ആത്മവിരോധിയോര്‍ത്തിടെണം
പരനുപരം പരിതാപമെകിടുന്നോ
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു”

നമുക്ക്, ഈ വരികളുടെ സാരാംശത്തിലീടെയൊന്നു പോകാം.
[കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ ഏറ്റുമുട്ടുമ്പോഴാണ്. ഇതെന്‍പ്രിയം, ഇത് മറ്റവന്റെ പ്രിയം ഇത് അടുത്തവന്റെ പ്രിയം എന്നിങ്ങനെ ഓരോരുത്തരുടെയും താല്‍പ്പര്യങ്ങളുടെ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ തന്‍റെ പ്രിയം മറ്റുള്ളവരുടെയും പ്രിയമാണെന്നു ബോധ്യപ്പെടണം. മറ്റുള്ളവര്‍ക്ക് അപ്രിയമുളവാക്കുന്നത് സ്വന്തം പ്രിയത്തിനുവേണ്ടിയാണെങ്കിലും ഒഴിവാക്കണം.

മറ്റുള്ളവരുടെ പ്രിയം സ്വന്തം പ്രിയമാകുകയും സ്വന്തം പ്രിയം മറ്റുള്ളവരുടെ പ്രിയമാകുകയും വേണമെന്ന നയം സംസ്ഥാപിതമാകണം. അതിനായി, സ്വന്തം നന്മയ്ക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവര്‍ക്കും പ്രിയമുളവാക്കുന്നതാകണം.

ദയാലുക്കള്‍ രാവെന്നുംപകലെന്നുമില്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി നിസ്വാര്‍ഥമായി പ്രയത്നിയ്ക്കുന്നു; സ്വാര്‍ത്ഥരാകട്ടെ തന്‍റെ മാത്രം നന്മലാക്കാക്കി നിന്ദ്യമായ കര്‍മ്മങ്ങള്‍പോലും ചെയ്യുന്നു

ഓര്‍ത്തുനോക്കിയാല്‍ അവനെന്നും ഇവനെന്നും അറിയുന്നതൊക്കെ ആദിമമായ ചൈതന്യമൊന്നുതന്നെയാണെന്ന് അറിയാനാകും. അതുകൊണ്ടു അവനവന്‍ സ്വന്തം സുഖത്തിനായി ചെയ്യുന്നവ മറ്റുള്ളവര്‍ക്കുകൂടെ സുഖം നല്‍കുന്നതാകണം.

ഒരുവന് നല്ലതും മറ്റൊരാള്‍ക്ക് അല്ലലും ഉണ്ടാക്കുന്ന കര്‍മ്മം ആത്മവിരോധിയാണ്.മറ്റുള്ളവര്‍ക്ക് ദുഃഖമുണ്ടാക്കുന്നവര്‍ എരിതീക്കടലില്‍ പതിയ്ക്കുന്നു.]

അതീവലളിതമെന്നു തോന്നാമെങ്കിലും കുടുംബത്തില്‍ മുതല്‍ ആഗോളതലത്തില്‍വരെയുള്ള എല്ലാ കാലുഷ്യങ്ങളും അകന്ന് ശാന്തി കൈവരിയ്ക്കാന്‍ സഹായിയ്ക്കുന്ന മഹാമന്ത്രങ്ങളാണിവ.  
ഈ വരികളില്‍ വിരിയുന്ന ശ്രീനാരായണദര്‍ശനം കുടുംബജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നമുക്കുവെളിച്ചമാകുന്നതെങ്ങനെയെന്നു നോക്കാം:
*എങ്ങനെയാകണം നമ്മുടെ വാക്കും പ്രവൃത്തിയും? എന്തുകൊണ്ട്? 
 ഗുരു പറയുന്നു: ഓതുംമൊഴിയും ഓര്‍ക്കില്‍ നീ”യെന്ന്. ഈശ്വരീയമായതുകൊണ്ടുതന്നെ  വാക്കുകള്‍ ഭദ്രമായി വേണം ഉപയോഗിയ്ക്കാന്‍. അത് സന്തോഷദായകവും സൃഷ്ടിപരവും സാന്ത്വനപരവും സൌഹൃദപരവുമാകണം.അത് വിദ്വേഷകരമോ അധിക്ഷേപകരമോ ആകരുത്. ഗുരു പറയുന്നു: അപരന് ദുഃഖം ഉണ്ടാക്കുന്നവര്‍ എരിനരകത്തില്‍ പതിയ്ക്കുമെന്നു. ഇനി മുതല്‍  കുടുംബത്തില്‍ പരസ്പരം ഉപയോഗിയ്ക്കുന്ന വാക്കുകള്‍ കരുതലോടെയും ഭദ്രതയോടെയുമാകണം.
*കുട്ടികളുടെ പഠനം സംബന്ധിച്ച എന്തുതീരുമാനമെടുക്കണം? എന്തുകൊണ്ട്? 
അച്ഛനമ്മമാര്‍ക്ക് കുട്ടികളെപ്പറ്റി പല സങ്കല്പങ്ങള്‍ ഉണ്ടാകാമെങ്കിലും പഠിയ്ക്കുന്ന കുട്ടിയുടെ അഭിരുചി( പ്രിയം)പ്രാധാന്യമാര്‍ഹിയ്ക്കുന്നു. നമ്മുടെ പ്രിയം അവരില്‍ അടിച്ചേല്‍പ്പിയ്ക്കരുത്. ഡോക്ടര്‍ദമ്പതികളുടെ കുട്ടി ഒരുപക്ഷെ വക്കീല്‍ജോലിയാകും ഇഷ്ടപ്പെടുക. അവരുടെ അഭിരുചി അതാണെങ്കില്‍ അതനുവദിയ്ക്കുക.അയാള്‍ ഒരു മികച്ച അഡ്വക്കേറ്റ്‌ ആകും. മറിച്ചായാല്‍ ഡോക്ടര്‍ഫാമിലിയ്ക്ക് അഭിമാനിയ്ക്കാമെങ്കിലും ഒരു ശരാശരി ഡോക്ടറെയാകും സമൂഹത്തിനു ലഭിയ്ക്കുക. നമ്മുടെ പ്രിയത്തിനായി വാദിയ്ക്കാതെ അവരുടെ പ്രിയം നമ്മുടെ പ്രിയമായി മാറ്റുക.
*എന്തുതൊഴില്‍ തിരഞ്ഞെടുക്കണം? എന്തുകൊണ്ട്? 
അഭിരുചിയ്ക്കിണങ്ങിയ എന്തുതൊഴിലും തെരഞ്ഞെടുക്കാം; അത് മറ്റുള്ളവര്‍ക്ക് വിനാശകരമാകരുതെന്നു മാത്രം. ഉദാഹരണം മദ്യം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന-വിപണന മേഖല. അത് ധനസമ്പാദനത്തിന് സഹായകമാണെങ്കിലും സമൂഹത്തിനുവിനാശകരമാണ്. ഗുരുദര്‍ശനം നമ്മോട് പറയുന്നു: അത്തരം അപചയവ്യാപാരങ്ങളില്‍ ഏര്‍പ്പെടരുതെന്ന്.
*വയലുകള്‍ നികത്താമോ? എന്തുകൊണ്ട്? 
വയലുകള്‍ ധാന്യോല്‍പ്പാദനത്തിന് അനുയോജ്യമായ ഇടങ്ങളാണ്. അത് നികത്തുമ്പോള്‍ ധാന്യങ്ങളുടെ ലഭ്യതയാണ് കുറയുന്നത്. അത് അവയുടെ വില വര്‍ദ്ധനയ്ക്ക് ഇടവരുത്തുന്നു. ആത്യന്തികമായി സമൂഹത്തിലെ സാധാരണജനത്തെ അത് പ്രതികൂലമായി ബാധിയ്ക്കുന്നു. അവനു പരിതാപം ഉണ്ടാക്കുന്ന പ്രവൃത്തി ഒഴിവാക്കുകയാണ് വേണ്ടത്.
മത്സ്യമാംസങ്ങള്‍ കഴിയ്ക്കാമോ? എന്തുകൊണ്ട്? 
കാല-ദേശ-സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ അവ ഒഴിവാക്കുക.ഗുരു പറയുന്നു: ”കൊല്ലാവൃതം ഉത്തമമാ-മതിലും
തിന്നാവൃത-മെത്രയും ഉത്തമമാം.”. എന്തുകൊണ്ട്? ഒരു ജീവിയെയും വേദനിപ്പിയ്ക്കാതെതന്നെ  ജീവിയ്ക്കാന്‍ കഴിയുമായിരുന്നിട്ടും ജീവികളെകൊന്നുതിന്നുകൊണ്ടു സ്വന്തം സുഖംമാത്രംതേടുന്നതു തത്വവിരുദ്ധമാണ്.
മിശ്രവിവാഹം അനുവദിയ്ക്കാമോ? എന്തുകൊണ്ട്? 
എല്ലാ മനുഷ്യരും സമസൃഷ്ടികളാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം പാടില്ലയെന്നു ഗുരു അരുളിച്ചെയ്തു. നരജാതി ഒരുജാതിയിലുള്ളതാണ്. അവിടെ ജാതീയമായ വിവേചനം കാണിയ്ക്കുന്നത് അജ്ഞതയും ഗുരുദര്‍ശനത്തിനു വിരുദ്ധവുമാണ്.
സ്തീധനം നല്‍കാമോ? വാങ്ങാമോ? എന്തുകൊണ്ട്? 
വിവാഹധൂര്‍ത്ത്‌ ഒഴിവാക്കി ആ തുക ബാങ്കില്‍ നിക്ഷേപിച്ചു പാസ്‌ബുക്ക്‌ വധൂവരന്മാര്‍ക്ക് നല്‍കാന്‍ ഉപദേശിച്ച ഗുരു എന്നാല്‍ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണത്? വാങ്ങുന്നവനു നല്ലതാണെങ്കിലും നല്‍കുന്നവന് അത് അല്ലലുളവാക്കുന്നു.അതുകൊണ്ടുതന്നെ അത് ഒഴിവാക്കണം.
ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാമോ? എന്തുകൊണ്ട്? 
ആവശ്യത്തിലധികം ഭക്ഷ്യവസ്തുക്കള്‍ വാങ്ങുകയും അത് പാഴാക്കിക്കളയുകയും ചെയ്യുമ്പോള്‍ നാം സൃഷ്ടികര്‍ത്താവിനെയാണ് അനാദരിയ്ക്കുന്നത്. നമ്മെപ്പോലെയുള്ളവര്‍ കൂടുതല്‍ വാങ്ങുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് ഇന്നത്തെ വില നല്‍കേണ്ടിവരുന്നത്. ആവശ്യക്കാര്‍ കുറഞ്ഞാല്‍ വിലയും കുറയും. നാംകൂടിച്ചേര്‍ന്ന് വില ഉയര്‍ത്തിയതുകൊണ്ട്  ഭക്ഷണം വാങ്ങാന്‍ കഴിയാതെപോയവരുണ്ട്.  അവര്‍ക്ക് അല്ലലുണ്ടാക്കിയ ശേഷം ആ ഭക്ഷണം പാഴാക്കുന്നത് കൃപണരുടെ – സ്വാര്‍ത്ഥരുടെ സ്വഭാവമാണ്. അത് നാശം വരുത്തുന്ന കര്‍മ്മമാണ്. 
ഇത്തരത്തില്‍ നമ്മുടെ ജീവിതത്തിലെ ഓരോ മുഹൂര്‍ത്തത്തിലും നേരായവഴികാട്ടാന്‍ ഗുരുദര്‍ശനം നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. പുതിയ സാഹചര്യങ്ങളുമായി ചേര്‍ത്തു അവയെ പുനര്‍വായിയ്ക്കാനും ആ വെളിച്ചത്തില്‍ ജീവിതം മഹനീയമാക്കാനും ഗുരുകാരുണ്യം നമ്മെ നമുക്ക് തുണയാകട്ടെ. 

Thursday, June 19, 2014

കാലാതീതമാകുന്ന ഗുരുവചനങ്ങള്‍

കാലാതീതമാകുന്ന ഗുരുവചനങ്ങള്‍
വിശ്വാസസംഹിതകള്‍ക്കും സാമൂഹ്യ വ്യവസ്ഥിതികള്‍ക്കും കാലാനുസൃതമായ മാറ്റം സംഭവിക്കുക സ്വാഭാവികം . എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങളില്‍ പെട്ടുപോകാതെ , അത്തരം പരിതസ്ഥിതിയിലും കലദേശ ഭേദം ഒട്ടുമില്ലാതെ എക്കാലത്തും സര്‍വ്വസമ്മതവും കലാതീതവുമായി വര്‍ത്തിക്കുന്നവയാണ് മഹത് വ്യക്തിത്വങ്ങളും അവരുടെ ഉദ്ബോധനങ്ങളും . അപ്രകാരം പ്രാചീനവും പൌരാണികവുമായ കാലങ്ങളില്‍ പ്രസക്തമായി നിലകൊള്ളുന്നു ഭഗവാന്‍ ശ്രീനാരായണന്‍ മനുഷ്യരാശിക്ക് നല്‍കിയ മഹത് ധോരണികള്‍ . എന്നാല്‍ ശ്രീനാരായണന്‍റെ അരുളുകള്‍ കലതീതമല്ല മറിച്ച് കാലികമാണെന്നു അഭിപ്രായപ്പെടുന്ന , നിര്‍ഭാഗ്യവശാല്‍ അങ്ങിനെ ധരിച്ചുവശായ ഒരു ചെറിയ സമൂഹമെങ്കിലും ഇന്ന് നമുക്ക് ഇടയിലുണ്ട് . ശ്രീ നാരായണീയര്‍ എന്ന് അവകാശപ്പെടുന്നവരുടെ ഇടയില്‍പ്പോലും ഇത്തരം വാദങ്ങള്‍ക്ക് വശംവദരായിപ്പോയവരെ നമുക്ക് കാണുവാന്‍ കഴിയും . ശ്രീനാരായണനെയും ശ്രീനാരായണ തത്വങ്ങളെയും ശരിയായ രീതിയില്‍ പഠിക്കാതെ വരുന്നതുകൊണ്ടാണ് അവരില്‍ ഇത്തരം അഭിപ്രായങ്ങള്‍ അടിയുറച്ചു പോകുന്നത് .
ഭഗവാന്‍ ശ്രീ നാരായണന്‍റെ ഉദ്ബോധനങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിനോ ദേശത്തിണോ വേണ്ടി ആയിരുന്നില്ല . ആ പുണ്യാത്മാവ് വിഭാവനം ചെയ്ത് മാനവകുടുംബം എന്ന മഹത്തായ ആശയമായിരുന്നതുകൊണ്ട് തന്നെ അവിടുത്തെ വാക്കുകളും പ്രവര്‍ത്തികളും ഈ പ്രപഞ്ചത്തിലെ സര്‍വ്വ മനുഷ്യരാശിയുടെയും നന്മയ്ക്ക് ഉതകുന്നവയും കാലത്തിന്‍റെ കുത്തൊഴുക്കില്‍ നിറം മങ്ങാതെ വര്‍ദ്ധിച്ച പ്രഭയോടെ പ്രകാശം ചൊരിഞ്ഞ് നിലകൊള്ളുന്നവയുമാണെന്ന് നിസ്സംശയം പറയാം .
ശ്രീനാരായണന്‍ ലോകത്തിന് നല്‍കിയ ഏറ്റവും മഹത്തായ വചനമാണ് ' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്നത് . വര്‍ണ്ണ വ്യത്യാസങ്ങളുടെ കൊടുംങ്കാറ്റിലുലഞ്ഞ ആ കാലഘട്ടത്തില്‍ മാത്രമല്ല , ആധുനികതയുടെ , പരിഷ്കാരങ്ങളുടെ ഹൈടെക്‌ യുഗമായ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും പ്രസക്തമാകുന്നവയാണ് ആ വാക്കുകളെന്ന് സമൂഹത്തെ നോക്കി കാണുന്ന ഏതൊരുവനും നിസ്സംശയം പറയുവാന്‍ കഴിയും .ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മതത്തിന്‍റെ പേരിലുള്ള കലഹം തന്നെ . മതാഷ്ഠിതവിദ്യാഭ്യാസവും , മതത്തിന്‍റെയും ജാതിയുടെയും പേരില്‍ രാജ്യങ്ങളും ദേശങ്ങളും നിലകൊള്ളുമ്പോള്‍ മതസ്പര്‍ദ വളരുക സ്വാഭാവികം മാത്രം . കുപ്പിവളയും കളിപ്പാട്ടവും താലോലിക്കേണ്ട കൈകള്‍ ആയുധമെന്തുമ്പോള്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ലക്‌ഷ്യം വയ്ക്കുന്നത് ഇതര മതസ്ഥനെ അല്ലെങ്കില്‍ ഇതര ഗോത്രത്തെ തന്നെ . ഹിന്ദുവും ,ക്രിസ്ത്യാനിയും , മുസല്‍മാനും മതസൌഹാര്‍ദ്ദത്തെക്കുറിച്ച് ഘോരഘോരംപ്രസംഗിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാന്‍ , എന്‍റെ , എന്‍റെ മതം എന്‍റെ ആളുകള്‍ എന്ന ചിന്ത പുലര്‍ത്തിപ്പോരുന്നു എന്നതാണ് സത്യം . മതവൈര്യത്തിന്റെയും , ഗോത്ര വിദ്വെഷങ്ങളുടെയും പേരില്‍ ദിനംപ്രതി മരിച്ചുവീഴുന്നത് ആയിരക്കണക്കായ മനുഷ്യ ജീവനുകളാണ് . സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വിലപിടിച്ച സംഭാവനകള്‍ നല്‍കേണ്ട യൗവ്വനങ്ങള്‍ മതമെന്ന കറുപ്പിനാല്‍ ആകൃഷ്ടരായി ഭീകരവാദമെന്ന രാക്ഷസന് വിധേയമായി രാജ്യ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നു കൂടി അറിയുമ്പോഴേ ചിത്രം പൂര്‍ണ്ണമാവൂ . കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ലോകസമൂഹം അവരുടെ വരുമാനത്തിന്‍റെ സിംഹഭാഗവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ചിലവഴിക്കുകയാണ് . മത മൌലികവാദം തന്നെയാണ് ഇത്തരമൊരു ആയുധ ശേഖരണത്തിന് ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം . ഇപ്രകാരം ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ചിലവഴിക്കുന്ന പണം കൃഷിക്കായി ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ ലോകം ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ എത്രയോ ദൂരം മുന്നിലെത്തിയേനെ ? . മതമൗലികവാദത്തിന്‍റെ പേരില്‍ തകര്‍ന്നുപോയ രാജ്യങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉദാഹരണങ്ങളായി നിലകൊള്ളുന്നുണ്ട് . ലോകത്തിന് മുഴുവന്‍ പ്രയോജനപ്പെടേണ്ടിയിരുന്ന പ്രകൃതിവിഭവങ്ങള്‍ സായുധ സമരത്തില്‍ നശിക്കപ്പെടുന്നത് വരും തലമുറയോട് ചെയ്യുന്ന കടുത്ത പാതകം തന്നെയെന്ന് പറയേണ്ടി വരും . നമ്മുടെ രാജ്യം തന്നെ മത തീവ്രവാദത്തെ നേരിടാന്‍ ചിലവഴിക്കുന്ന തുകയുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ് . ഇപ്രകാരം സമൂഹത്തിന്‍റെ സര്‍വ്വോന്മുഖ പുരോഗതിക്കും വിഘാതമായി മതമൗലികവാദവും , മതങ്ങളുടെ പേരില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും ഒരു സത്യമായി നിലകൊള്ളുന്ന ഈ നൂറ്റാണ്ടില്‍ പ്രസക്തം തന്നെയല്ലേ ശ്രീനാരായണ വചനങ്ങള്‍ ? ഈ കാലഘട്ടത്തില്‍ ലോകമാകമാനം അത്യുച്ച്സ്തരം മുഴങ്ങിക്കെള്‍ക്കെണ്ടാതാണ് ശ്രീനാരായണ വചനങ്ങള്‍ . ഈ വാക്കുകള്‍ കാലികമാകുന്നത് എങ്ങിനെ ?
ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളമണ്ണിന്‍റെ ഇന്നത്തെ ചരിത്രം പരിശോധിച്ചാല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് . മാവേലിയുടെ സ്വന്തം നാട് മതതീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം . ഇതില്‍ ബഹുഭൂരിപക്ഷവും അഭ്യസ്തവിദ്യര്‍ എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം . ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ മതമൌലികവാദത്തെ നിര്‍ലോഭം പ്രോത്സാഹിപ്പിക്കുന്നു . മതനിന്ദ ആരോപിച്ച് ഒരദ്ധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം നമ്മുടെ മന:സ്സാക്ഷിയെ സ്പര്‍ശിച്ച് കടന്നുപോയിട്ട് കാലം അധികമായിട്ടില്ല . ഗോധ്രയും , അക്ഷര്‍ധാമും , മാറാടും , പൂന്തുറയും ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ചത് ഇന്നലെകളിലാണ് എന്നത് നാം വിസ്മരിച്ചുകൂടാ . അതിനാല്‍ തന്നെ ഭൂരിപക്ഷവും , ന്യൂനപക്ഷവും മതവികാരം ലക്ഷ്യമാക്കി സായുധപരിശീലനം നടത്തുന്ന കേരള നാട്ടിലും , വിശിഷ്യാ ഭാരതത്തിലും , മത തീവ്രവാദത്തിന് നിര്‍ലോഭപിന്തുണയും സാമ്പത്തികവും നല്‍കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയിലും ശ്രീനാരായണ വചനങ്ങള്‍ക്ക്‌ പ്രസക്തി കുറയുകയല്ല മറിച്ച് പ്രസക്തിയേറുകയാണ് ചെയ്യുന്നത് .
മനുഷ്യന്‍ ജാതിക്കും മതത്തിനും മീതെ മനുഷ്യത്വമെന്ന ചങ്ങലയാല്‍ പരസ്പരം ബന്ധനസ്ഥരായാല്‍ മതവൈരത്തിനും, മതമൗലികവാദത്തിനും സ്ഥാനമില്ലതാകും . ലോകസമൂഹത്തില്‍ ശാന്തിയും സമാധാനവും തദ്വാരാ പുരോഗതിയും കൈവരും . ഹിന്ദുവെന്നും ,ക്രിസ്ത്യനെന്നും , മുസ്ലീമെന്നുമുള്ള ചിന്തയ്ക്ക് മുകളില്‍ മനുഷ്യന്‍ എന്ന ഒറ്റവികാരം പുലരണം . ഞാന്‍ കൊല്ലുന്നത് എന്‍റെ തന്നെ സഹോദരനയല്ലേ എന്ന ചിന്ത ലോകസമൂഹത്തില്‍ വളര്‍ന്നുവരണം . ' എല്ലാവരും ആത്മസഹോദരരെന്ന ' ഗുരുവചനം ലോകം സ്വായത്തമാക്കിയാല്‍ , ഗുരുവരുളിയതുപോലെ അനുകമ്പ എന്ന വികാരം മാനവരാശി ശീലമാക്കിയാല്‍ മനുഷ്യന്‍റെ എല്ലാ ദുഖങ്ങള്‍ക്കും പരിഹാരമാകും . മതമല്ല മനുഷ്യനാണ് പ്രധാനം എന്ന ചിന്ത പുലരണമെങ്കില്‍ ഗുരുവചനങ്ങള്‍ ജീവിതത്തില്‍ പാലിക്കുകതന്നെ ചെയ്യണം .ഗുരുദേവകൃതികളായ ദൈവദശകവും , അനുകമ്പാദശകവും , ജീവകാരുണ്യപഞ്ചകവും വായിച്ചറിഞ്ഞ ഏതൊരാള്‍ക്കും മതമെന്ന വികാരത്തിന് മുകളില്‍ മനുഷ്യനെന്ന വികാരം മുറ്റിനില്‍ക്കുന്നതായി അനുഭവിക്കാന്‍ കഴിയും .
ഇവിടെയാണ്‌ ഭഗവാന്‍ ശ്രീനാരായണന്‍റെ വചനങ്ങള്‍ കാലാതിവര്‍ത്തിയാകുന്നത് . ആ പുണ്യാത്മാവ് തന്‍റെ അവതാരലക്‌ഷ്യം പൂര്‍ത്തിയാക്കി പരമസത്യത്തില്‍ വിലയം പ്രാപിച്ചെങ്കിലും ആ യുഗപുരുഷന്‍ ജഗത്തിനുനല്‍കിയ മഹാധോരണികള്‍ കാലദേശഭേദം കൂടാതെ ആകാശ സീമയോളം പരന്ന് പ്രവഹിക്കുന്നു . ആ മഹാപ്രവാഹത്തിലെ കണ്ണികളായി തീരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു തലമുറ ഇവിടെ ഉയര്‍ന്നുവരട്ടെ !ആ വിശ്വഗുരു നമുക്ക്‌ നല്‍കിയ സംഭാവനകളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരു വിശ്വമാനവനായി ജീവിക്കാന്‍ പ്രതിജ്ഞയെടുക്കാം . കാലതീതമാകുന്ന ആ വാക്ധോരണികളെ ലോകം മുഴുവന്‍ എത്തിക്കാനായി ഒന്നുചേര്‍ന്ന് മുന്നേറാം .
ബിനു കേശവന്‍ ..

Sunday, June 1, 2014

'വിശപ്പ്‌ ദിനം '

നാളെ ലോക 'വിശപ്പ്‌ ദിനം ' , അച്ഛനും , അമ്മയ്ക്കും എന്തിനേറെ പ്രണയത്തിനുവരെ ദിനങ്ങള്‍ കണ്ടെത്തുന്ന ലോകത്തില്‍ ഇതും വെറുമൊരു 'ദിനമായി ' തോന്നിയേക്കാം . ഈ വിശപ്പ്‌ ദിന ആഘോഷങ്ങള്‍ക്കപ്പുറത്ത് മനസ്സിനെ ഉലയ്ക്കാന്‍ ഉതകുന്ന സത്യങ്ങള്‍ നമ്മുടെ ചുറ്റുപാടുമുണ്ട് എന്ന വസ്തുത നാം തിരിച്ചറിയണം . ഒരു നേരത്തെ അന്നത്തിനുവേണ്ടി തെരുവില്‍ അലഞ്ഞു തിരിയുന്ന ബാല്യങ്ങള്‍ , ഒട്ടിയവയറുമായി വഴിയാത്രക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് തളര്‍ന്നു കുഴഞ്ഞ വാര്‍ദ്ധക്യങ്ങള്‍ .. ഇവയൊക്കെ നേരിട്ട് കാണാത്ത ഒരു ഭാരതീയനും ഉണ്ടാവാന്‍ വഴിയില്ല ... ഒരുനെരമെങ്കിലും വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ കഴുയുമെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ഈശ്വര സേവ .... ഇഷ്ടഭക്ഷണം ലഭിക്കാത്തതിന് മാതാപിതാക്കളോട് കലഹിക്കുന്ന ഇന്നത്തെ നമ്മുടെ യൌവ്വനം ഈ സത്യങ്ങള്‍ തിരിച്ചറിയട്ടെ ... വിശപ്പില്ലാത്ത ഒരു ലോകത്തിനായി ഓരോ ധാന്യമണിയും നമുക്ക് കരുതലോടെ സൂക്ഷിക്കാം ഒപ്പം ഭക്ഷണം പാഴാക്കില്ല എന്ന പ്രതിജ്ഞയും .....

കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക്

അറിവിന്‍റെ ലോകത്തേക്ക് പദമൂന്നുന്ന എല്ലാ കുരുന്നുകള്‍ക്കും വിദ്യാദേവതയുടെ കടാക്ഷം ഉണ്ടാകട്ടെ .... ഏവര്‍ക്കും എന്‍റ ആശംസകള്‍ ....