ദര്‍ശനം എന്ന വാക്കിന് വീക്ഷണം, കാഴ്ച്ചപ്പാട്, തത്വശാസ്ത്രം എന്നൊക്കെയാണ് അര്‍ത്ഥം. ശ്രീനാരായണഗുരുവിലൂടെ ലോകത്തിനു ലഭിച്ച വീക്ഷണമാണ് ശ്രീനാരായണദര്‍ശനം എന്നുവിളിയ്ക്കപ്പെടുന്നത്.നാം പലതായി എണ്ണുന്ന വ്യക്തിയും കുടുംബവും ദേശവും രാജ്യവും ലോകവും അതിനപ്പുറവുമായി നിറഞ്ഞുനില്‍ക്കുന്ന ഏകസത്യത്തെപ്പറ്റിയുള്ള ദര്‍ശനമാണത്. ആ സത്യദര്‍ശനം പഠിയ്ക്കുകയും മനസ്സില്‍ ഉറപ്പിയ്ക്കുകയും അതനുസരിച്ചു ജീവിതം പുന:പ്രകീകരിക്കുകയുമാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്.
നാം കണ്ടതും കേട്ടതും വായിച്ചതും അനുഭവിച്ചതുമായ അറിവുകള്‍ ചേര്‍ന്നതാണ് നമ്മുടെ ലോകം. ആ അറിവുകളാണ് ലോകത്ത് നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന ബോധ്യം നമുക്കുനല്‍കുന്നതും നമ്മുടെ മനോനിലയെ നിശ്ചയിയ്ക്കുന്നതും. പ്രപഞ്ചവ്യവസ്ഥയെക്കുറിച്ചും അതിലധിവസിയ്ക്കുന്ന നമ്മെയോരോരുത്തരെക്കുറിച്ചുമുള് ള ശരിയായ അറിവില്ലാത്തതാണ് നമ്മുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്നത്.സ്കൂട്ടര്‍, കാര്‍, വീട്, ഏ.സി, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെയുള്ള സൌകര്യങ്ങള്‍ ജീവിതത്തില്‍ സ്വസ്ഥതകൊണ്ടുവരും എന്നാണു പലരും ധരിയ്ക്കുന്നത്. അതിനായി അവര്‍ അഹോരാത്രം പണിപ്പെടുന്നു. ആ തിരക്കിനിടയില്‍ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രകൃതിയെപ്പോലും വിസ്മരിയ്ക്കുന്നു.തീര്‍ച്ചയായു ം മേല്‍പ്പറഞ്ഞ സൌകര്യങ്ങളൊക്കെ ജീവിതത്തെ ആയാസരഹിതമാക്കും. അതുകൊണ്ടുതന്നെ അവയൊക്കെ ആവശ്യവുമാണ്. എന്നാല്‍ അവയ്ക്കൊന്നും ജീവിതത്തില്‍ സുഖം അഥവാ സ്വസ്ഥത കൊണ്ടുവരാന്‍ കഴിയില്ലെന്നതാണു സത്യം. സമ്പത്തുണ്ടായാലും ഇല്ലെങ്കിലും വാഹനവും വീടും ഉണ്ടായാലും ഇല്ലെങ്കിലും രൂപവും നിറവും ആകര്ഷകമാണെങ്കിലും അല്ലെങ്കിലും ജീവിതത്തില്‍ സ്വസ്ഥത-സുഖം പ്രദാനം ചെയ്യുന്ന പരമമായ അറിവാണ് ശ്രീനാരായണദര്‍ശനം. അത് എന്താണെന്ന് പരിശോധിയ്ക്കാം.
സ്ഥൂലവും സൂക്ഷ്മവുമായ ഈ ജഗത്ത് ചൈതന്യസ്വരൂപനായ ഈശ്വരനില്‍നിന്നും ഉണ്ടായിട്ടുള്ളതാനെന്നും അകവും പുറവുംതിങ്ങി വിളങ്ങി നില്‍ക്കുന്നവനാണ് ഈശ്വരനെന്നും , അവന്‍, ഇവന്‍ എന്നൊക്കെ നാം ധരിയ്ക്കുന്നതെല്ലാം ഏകമായ ഈശ്വരന്‍റെ പ്രകടരൂപങ്ങള്‍ മാത്രമാണെന്നതുമാണ് ആ ദര്‍ശനത്തിന്‍റെ സാരം.ആത്മോപദേശശതകത്തില്‍ ഗുരു അത് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ഈശ്വരകൃതമാണ്; ഈശ്വരസൃഷ്ടിയല്ലാതെ ഒന്നുമില്ല. ഈശ്വരന്‍ സൃഷ്ടിയും സ്രഷ്ടാവുമായിരിയ്ക്കുന്ന അത്ഭുതം ഗുരു ദൈവദശകത്തിലൂടെ കാട്ടിത്തരുന്നു. ആ അറിവു ഏറ്റുവാങ്ങിയാലാണ് ഒരുവനെ കാണുമ്പോള്‍ “നമസ്തേ” എന്നുപറയാന്‍ യഥാര്‍ഥത്തില്‍ നാം പ്രാപ്തരാവുക. എന്നില്‍ നിറഞ്ഞുനില്‍ക്കുന്ന ഈശ്വരന്‍തന്നെയാണ് നിന്നിലും നിറഞ്ഞുനില്‍ക്കുന്നതെന്ന അറിവാണ് “നമസ്തേ” എന്നുപറഞ്ഞുകൊണ്ട് അവനിലെ ഈശ്വരനെ നമിയ്ക്കാന്‍ നമ്മെ പഠിപ്പിയ്ക്കുന്നത്. ആ ബോധം എല്ലാവരോടും ആദരവോടെമാത്രം പെരുമാറാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ആ ബോധം ഉണരുന്നിടത്ത്, എല്ലാ ഉച്ച നീചത്വങ്ങളും വിവേചനങ്ങളും അവസാനിക്കുന്നു. അതാണ് ശ്രീനാരായണദര്‍ശനത്തിന്‍റെ മഹനീയത.
ഗുരുവിന്‍റെ സത്യദര്‍ശനത്തിനു കുടുംബജീവിതത്തിലുള്ള പ്രസക്തിയെന്തെന്ന് നമുക്കൊന്ന് പരിശോധിയ്ക്കാം. എന്താണ് കുടുംബം? ലോകത്തിന്റെയും രാജ്യത്തിന്റെയും ദേശത്തിന്റെയുമൊക്കെ ചെറിയ പതിപ്പാണ് കുടുംബമെന്നു പറയാവുന്നതാണ്. ഒന്നിലധികം വ്യക്തികള്‍ കൂടിച്ചേരുമ്പോള്‍ അത് കൂട്ടമായി, സമൂഹമായി. അങ്ങനെവരുമ്പോള്‍ ഏറ്റവും ചെറിയ സമൂഹമാണ് കുടുംബമെന്നുകാണാം. അച്ഛന്‍, അമ്മ, മക്കള്‍ ,സഹോദരങ്ങള്‍, ദത്തെടുക്കപ്പെട്ടവര്‍, വിവാഹബന്ധത്തിലൂടെയും മറ്റും അവരിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടവര്‍ എന്നിവരൊക്കെ ചേരുന്നതാണ് കുടുംബം.അതിലെ ഓരോരുത്തര്‍ക്കും തങ്ങളെപ്പറ്റിയും മറ്റുള്ളവരെപ്പറ്റിയുമുള്ള അറിവ് കേട്ടറിവുകളുടെയും കണ്ടറിവുകളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. അങ്ങനെ, ഓരോരുത്തരും ഞാന്‍ അച്ഛനാണ്, ഞാന്‍ മകനാണ് എന്നിങ്ങനെയുള്ള അറിവുകളില്‍ ജീവിയ്ക്കുകയും അതനുസരിച്ചുള്ള കടമകള്‍ നിറവേറ്റിപ്പോരുകയും ചെയ്യുന്നു. ഈ പ്രാഥമികമായ അറിവിനും അപ്പുറമുള്ള അറിവാണ് ഗുരുദര്‍ശനം. അത് നമുക്ക് പുതിയ കാഴ്ച്ചപ്പാട് നല്‍കുന്നു. നമ്മെപ്പോലെതന്നെ നമ്മുടെ കുടുംബാംഗങ്ങളും ഈശ്വരന്റെ സൃഷ്ടികളാണെന്ന അറിവ് . കുടുംബത്തിലുള്ളതും സ്വതന്ത്രവ്യക്തിത്വങ്ങളാണെന്ന് അത് നമ്മെ പഠിപ്പിയ്ക്കുന്നു.. അവരുടെയിടയിലാണ് സാമൂഹ്യഇടപെടലുകള്‍ നാം ആരംഭിയ്ക്കുന്നത്. കുടുംബത്തെ സമൂഹമായും സമൂഹത്തെ കുടുംബമായും കണ്ടുകൊണ്ടു അവിടെ നാം എങ്ങനെ പെരുമാറണമെന്ന് ഗുരു കാട്ടിത്തരുന്നു.
ആത്മോപദേശ ശതകത്തിന്‍റെ ഇരുപത്തിയൊന്നാം ഭാഗം മുതല്‍ ഇരുപത്തിയഞ്ചാംഭാഗം വരെയുള്ളിടത്ത് ഇത് വ്യക്തമായി കാണാം.
“പ്രിയമൊരു ജാതിയിതെന്‍പ്രിയം ദ്വിതീയ
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയംപ്രതി വന്നിടുംഭ്രമം;തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം
പ്രിയമപരന്റെ യതെന്‍പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മനല്‍കും
ക്രിയയപരപ്രിയ ഹേതുവായ്‌വരേണം
അപരനുവേണ്ടി യഹര്‍നിശം പ്രയത്നം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ് കിടന്നുചെയ്യു-
ന്നപജയ കര്‍മ്മം അവന്നുവേണ്ടി മാത്രം
അവനിവനെന്നറിയുന്നതൊക്കെയോര്ത് താല്
അവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മ സുഖത്തിനാചരിയ്ക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം
ഒരുവനുനല്ലതുമന്യനല്ലലുംചേര്‍-
പ്പോരുതോഴില്‍ ആത്മവിരോധിയോര്‍ത്തിടെണം
പരനുപരം പരിതാപമെകിടുന്നോ
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു”
നമുക്ക്, ഈ വരികളുടെ സാരാംശത്തിലീടെയൊന്നു പോകാം.
[കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ ഏറ്റുമുട്ടുമ്പോഴാണ്. ഇതെന്‍പ്രിയം, ഇത് മറ്റവന്റെ പ്രിയം ഇത് അടുത്തവന്റെ പ്രിയം എന്നിങ്ങനെ ഓരോരുത്തരുടെയും താല്‍പ്പര്യങ്ങളുടെ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ തന്‍റെ പ്രിയം മറ്റുള്ളവരുടെയും പ്രിയമാണെന്നു ബോധ്യപ്പെടണം. മറ്റുള്ളവര്‍ക്ക് അപ്രിയമുളവാക്കുന്നത് സ്വന്തം പ്രിയത്തിനുവേണ്ടിയാണെങ്കിലും ഒഴിവാക്കണം.
മറ്റുള്ളവരുടെ പ്രിയം സ്വന്തം പ്രിയമാകുകയും സ്വന്തം പ്രിയം മറ്റുള്ളവരുടെ പ്രിയമാകുകയും വേണമെന്ന നയം സംസ്ഥാപിതമാകണം. അതിനായി, സ്വന്തം നന്മയ്ക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവര്‍ക്കും പ്രിയമുളവാക്കുന്നതാകണം.
ദയാലുക്കള്‍ രാവെന്നുംപകലെന്നുമില്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി നിസ്വാര്‍ഥമായി പ്രയത്നിയ്ക്കുന്നു; സ്വാര്‍ത്ഥരാകട്ടെ തന്‍റെ മാത്രം നന്മലാക്കാക്കി നിന്ദ്യമായ കര്‍മ്മങ്ങള്‍പോലും ചെയ്യുന്നു
ഓര്‍ത്തുനോക്കിയാല്‍ അവനെന്നും ഇവനെന്നും അറിയുന്നതൊക്കെ ആദിമമായ ചൈതന്യമൊന്നുതന്നെയാണെന്ന് അറിയാനാകും. അതുകൊണ്ടു അവനവന്‍ സ്വന്തം സുഖത്തിനായി ചെയ്യുന്നവ മറ്റുള്ളവര്‍ക്കുകൂടെ സുഖം നല്‍കുന്നതാകണം.
ഒരുവന് നല്ലതും മറ്റൊരാള്‍ക്ക് അല്ലലും ഉണ്ടാക്കുന്ന കര്‍മ്മം ആത്മവിരോധിയാണ്.മറ്റുള്ളവര്ക്ക ് ദുഃഖമുണ്ടാക്കുന്നവര്‍ എരിതീക്കടലില്‍ പതിയ്ക്കുന്നു.]
അതീവലളിതമെന്നു തോന്നാമെങ്കിലും കുടുംബത്തില്‍ മുതല്‍ ആഗോളതലത്തില്‍വരെയുള്ള എല്ലാ കാലുഷ്യങ്ങളും അകന്ന് ശാന്തി കൈവരിയ്ക്കാന്‍ സഹായിയ്ക്കുന്ന മഹാമന്ത്രങ്ങളാണിവ.
ഈ വരികളില്‍ വിരിയുന്ന ശ്രീനാരായണദര്‍ശനം കുടുംബജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നമുക്കുവെളിച്ചമാകുന്നതെങ്ങനെയെ ന്നു നോക്കാം:
*എങ്ങനെയാകണം നമ്മുടെ വാക്കും പ്രവൃത്തിയും? എന്തുകൊണ്ട്?
ഗുരു പറയുന്നു: ഓതുംമൊഴിയും ഓര്‍ക്കില്‍ നീ”യെന്ന്. ഈശ്വരീയമായതുകൊണ്ടുതന്നെ വാക്കുകള്‍ ഭദ്രമായി വേണം ഉപയോഗിയ്ക്കാന്‍. അത് സന്തോഷദായകവും സൃഷ്ടിപരവും സാന്ത്വനപരവും സൌഹൃദപരവുമാകണം.അത് വിദ്വേഷകരമോ അധിക്ഷേപകരമോ ആകരുത്. ഗുരു പറയുന്നു: അപരന് ദുഃഖം ഉണ്ടാക്കുന്നവര്‍ എരിനരകത്തില്‍ പതിയ്ക്കുമെന്നു. ഇനി മുതല്‍ കുടുംബത്തില്‍ പരസ്പരം ഉപയോഗിയ്ക്കുന്ന വാക്കുകള്‍ കരുതലോടെയും ഭദ്രതയോടെയുമാകണം.
*കുട്ടികളുടെ പഠനം സംബന്ധിച്ച എന്തുതീരുമാനമെടുക്കണം? എന്തുകൊണ്ട്?
അച്ഛനമ്മമാര്‍ക്ക് കുട്ടികളെപ്പറ്റി പല സങ്കല്പങ്ങള്‍ ഉണ്ടാകാമെങ്കിലും പഠിയ്ക്കുന്ന കുട്ടിയുടെ അഭിരുചി( പ്രിയം)പ്രാധാന്യമാര്ഹിയ്ക്കുന ്നു. നമ്മുടെ പ്രിയം അവരില്‍ അടിച്ചേല്‍പ്പിയ്ക്കരുത്. ഡോക്ടര്‍ദമ്പതികളുടെ കുട്ടി ഒരുപക്ഷെ വക്കീല്‍ജോലിയാകും ഇഷ്ടപ്പെടുക. അവരുടെ അഭിരുചി അതാണെങ്കില്‍ അതനുവദിയ്ക്കുക.അയാള്‍ ഒരു മികച്ച അഡ്വക്കേറ്റ് ആകും. മറിച്ചായാല്‍ ഡോക്ടര്‍ഫാമിലിയ്ക്ക് അഭിമാനിയ്ക്കാമെങ്കിലും ഒരു ശരാശരി ഡോക്ടറെയാകും സമൂഹത്തിനു ലഭിയ്ക്കുക. നമ്മുടെ പ്രിയത്തിനായി വാദിയ്ക്കാതെ അവരുടെ പ്രിയം നമ്മുടെ പ്രിയമായി മാറ്റുക.
*എന്തുതൊഴില്‍ തിരഞ്ഞെടുക്കണം? എന്തുകൊണ്ട്?
അഭിരുചിയ്ക്കിണങ്ങിയ എന്തുതൊഴിലും തെരഞ്ഞെടുക്കാം; അത് മറ്റുള്ളവര്‍ക്ക് വിനാശകരമാകരുതെന്നു മാത്രം. ഉദാഹരണം മദ്യം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന-വിപണന മേഖല. അത് ധനസമ്പാദനത്തിന് സഹായകമാണെങ്കിലും സമൂഹത്തിനുവിനാശകരമാണ്. ഗുരുദര്‍ശനം നമ്മോട് പറയുന്നു: അത്തരം അപചയവ്യാപാരങ്ങളില്‍ ഏര്‍പ്പെടരുതെന്ന്.
*വയലുകള്‍ നികത്താമോ? എന്തുകൊണ്ട്?
വയലുകള്‍ ധാന്യോല്‍പ്പാദനത്തിന് അനുയോജ്യമായ ഇടങ്ങളാണ്. അത് നികത്തുമ്പോള്‍ ധാന്യങ്ങളുടെ ലഭ്യതയാണ് കുറയുന്നത്. അത് അവയുടെ വില വര്‍ദ്ധനയ്ക്ക് ഇടവരുത്തുന്നു. ആത്യന്തികമായി സമൂഹത്തിലെ സാധാരണജനത്തെ അത് പ്രതികൂലമായി ബാധിയ്ക്കുന്നു. അവനു പരിതാപം ഉണ്ടാക്കുന്ന പ്രവൃത്തി ഒഴിവാക്കുകയാണ് വേണ്ടത്.
മത്സ്യമാംസങ്ങള്‍ കഴിയ്ക്കാമോ? എന്തുകൊണ്ട്?
കാല-ദേശ-സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ അവ ഒഴിവാക്കുക.ഗുരു പറയുന്നു: ”കൊല്ലാവൃതം ഉത്തമമാ-മതിലും
തിന്നാവൃത-മെത്രയും ഉത്തമമാം.”. എന്തുകൊണ്ട്? ഒരു ജീവിയെയും വേദനിപ്പിയ്ക്കാതെതന്നെ ജീവിയ്ക്കാന്‍ കഴിയുമായിരുന്നിട്ടും ജീവികളെകൊന്നുതിന്നുകൊണ്ടു സ്വന്തം സുഖംമാത്രംതേടുന്നതു തത്വവിരുദ്ധമാണ്.
മിശ്രവിവാഹം അനുവദിയ്ക്കാമോ? എന്തുകൊണ്ട്?
എല്ലാ മനുഷ്യരും സമസൃഷ്ടികളാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം പാടില്ലയെന്നു ഗുരു അരുളിച്ചെയ്തു. നരജാതി ഒരുജാതിയിലുള്ളതാണ്. അവിടെ ജാതീയമായ വിവേചനം കാണിയ്ക്കുന്നത് അജ്ഞതയും ഗുരുദര്‍ശനത്തിനു വിരുദ്ധവുമാണ്.
സ്തീധനം നല്‍കാമോ? വാങ്ങാമോ? എന്തുകൊണ്ട്?
വിവാഹധൂര്‍ത്ത് ഒഴിവാക്കി ആ തുക ബാങ്കില്‍ നിക്ഷേപിച്ചു പാസ്‌ബുക്ക് വധൂവരന്മാര്‍ക്ക് നല്‍കാന്‍ ഉപദേശിച്ച ഗുരു എന്നാല്‍ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണത്? വാങ്ങുന്നവനു നല്ലതാണെങ്കിലും നല്‍കുന്നവന് അത് അല്ലലുളവാക്കുന്നു.അതുകൊണ്ടുതന് നെ അത് ഒഴിവാക്കണം.
ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാമോ? എന്തുകൊണ്ട്?
ആവശ്യത്തിലധികം ഭക്ഷ്യവസ്തുക്കള്‍ വാങ്ങുകയും അത് പാഴാക്കിക്കളയുകയും ചെയ്യുമ്പോള്‍ നാം സൃഷ്ടികര്‍ത്താവിനെയാണ് അനാദരിയ്ക്കുന്നത്. നമ്മെപ്പോലെയുള്ളവര്‍ കൂടുതല്‍ വാങ്ങുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് ഇന്നത്തെ വില നല്‍കേണ്ടിവരുന്നത്. ആവശ്യക്കാര്‍ കുറഞ്ഞാല്‍ വിലയും കുറയും. നാംകൂടിച്ചേര്‍ന്ന് വില ഉയര്‍ത്തിയതുകൊണ്ട് ഭക്ഷണം വാങ്ങാന്‍ കഴിയാതെപോയവരുണ്ട്. അവര്‍ക്ക് അല്ലലുണ്ടാക്കിയ ശേഷം ആ ഭക്ഷണം പാഴാക്കുന്നത് കൃപണരുടെ – സ്വാര്‍ത്ഥരുടെ സ്വഭാവമാണ്. അത് നാശം വരുത്തുന്ന കര്‍മ്മമാണ്.
ഇത്തരത്തില്‍ നമ്മുടെ ജീവിതത്തിലെ ഓരോ മുഹൂര്‍ത്തത്തിലും നേരായവഴികാട്ടാന്‍ ഗുരുദര്‍ശനം നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. പുതിയ സാഹചര്യങ്ങളുമായി ചേര്‍ത്തു അവയെ പുനര്‍വായിയ്ക്കാനും ആ വെളിച്ചത്തില്‍ ജീവിതം മഹനീയമാക്കാനും ഗുരുകാരുണ്യം നമ്മെ നമുക്ക് തുണയാകട്ടെ.
No comments:
Post a Comment